October 15, 2010

ഇടതുമുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് ഒക്ടോബര്‍ 23, 25 തീയതികളിലായി തെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ. വിവിധ മേഖലകളില്‍ നടപ്പിലാക്കിയ അഭിമാനകരമായ നിരവധി നേട്ടങ്ങളുമായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങളെ സമീപിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന കഴിഞ്ഞതെരഞ്ഞെടുപ്പില്‍ വമ്പിച്ച പിന്തുണയാണ് ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നല്‍കിയത്. എല്‍.ഡി.എഫ്. നിയന്ത്രണത്തിലുള്ള ജില്ല-ബ്ളോക്ക്-ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പ്രവര്‍ത്തനങ്ങള്‍ വഴി വന്‍ പുരോഗതിയാണ് ഈ കാലയളവില്‍ കൈവരിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് പോലും എല്‍ ഡി എഫ് നേട്ടങ്ങളെ അംഗീകരിക്കേണ്ടി വന്നു. ഇക്കാരണത്താലാണ് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയായി ദേശീയ പുരസ്കാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ത്തും പൊതു വിതരണം അട്ടിമറിച്ചും, റേഷന്‍ ആനുകൂല്യം പരിമിതപ്പെടുത്തിയും, ക്ഷേമ പെന്‍ഷനുകള്‍ നിഷേധിച്ചും, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്തും, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ ദുര്‍ബലമാക്കിയും, സംസ്ഥാന സമ്പത്ത്ഘടന മുരടിപ്പിച്ചും യു ഡി എഫ് ഭരണം കടുത്ത ദുരിതമാണ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചത്. കര്‍ഷക ആത്മഹത്യയും ഗുണ്ടാ വിളയാട്ടവും പെണ്‍വാണിഭവും വര്‍ഗ്ഗീയ അക്രമങ്ങളും നിത്യ സംഭവമായ യു ഡി എഫ് ഭരണത്തിലെ ഭീതിതമായ നാളുകള്‍ക്ക് മാറ്റം വന്നിരിക്കുന്നു.

41 ലക്ഷം കുടുംബങ്ങള്‍ക്ക് 2 രൂപക്ക് അരി നല്‍കിയും വിലക്കയറ്റം തടയുന്നതിന് കോടികള്‍ സബ്സിഡി നല്‍കി പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കിയും കേരളം രാജ്യത്തിനാകെ മാതൃകയായി. ക്ഷേമ പെന്‍ഷനുകള്‍ മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചും പെന്‍ഷന്‍ കുടിശിക തീര്‍ത്ത് വിതരണം ചെയ്തും ദുര്‍ബല വിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കിയ എല്‍ ഡി എഫ് സര്‍ക്കാര്‍ 43,000 കോടി രൂപയുടെ വികസ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കിയത്. കര്‍ഷക ആത്മഹത്യ ഇല്ലാത്ത നാടായി കേരളം മാറി. അടച്ചുപൂട്ടലിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും ഭീഷണിയിലായിരുന്ന പൊതുമേഖല ലാഭത്തിലായി. പുതുതായി 8 സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചു.

ജനകീയാസൂത്രണത്തിലൂടെ ലോകത്തിന് മുന്നില്‍ അധികാര വികേന്ദ്രീകരണത്തിന്റെ മാതൃക സൃഷ്ടിച്ച കേരളം ഇത്തവണ വീടില്ലാത്ത പാവങ്ങള്‍ക്കെല്ലാം വീട് നല്‍കുന്ന നടപടിയിലൂടെ വികസിത രാജ്യങ്ങള്‍ക്ക് പോലും ആര്‍ജിക്കാന്‍ കഴിയാത്ത സാമൂഹ്യ നേട്ടത്തിലേക്ക് കുതിക്കുകയാണ്. എല്ലാവര്‍ക്കും പാര്‍പ്പിടമുള്ള ആദ്യത്തെ സംസ്ഥാനമായി കേരളം മാറാന്‍ പോകുന്നു. ഇതിന് വേണ്ടി 4 ലക്ഷം വീടുകളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തീകരിക്കുകയും ബാക്കിയുള്ളവയുടെ നിര്‍മ്മാണ പ്രവൃത്തി ദ്രുതഗതിയില്‍ നടക്കുകയുമാണ്.

തൊഴിലുറപ്പ് പദ്ധതി ഇടതുപക്ഷത്തിന്റെ സംഭാവനയാണ്. ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഒന്നാം യു പി എ സര്‍ക്കാര്‍ തൊഴിലുറപ്പിനുള്ള നിയമനിര്‍മ്മാണം നടത്താന്‍ നിര്‍ബന്ധിതമായത്. പദ്ധതി നടത്തിപ്പില്‍ കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് കേന്ദ്ര മന്ത്രി തന്നെ വ്യക്തമാക്കിയതാണ്. നഗരങ്ങളിലേക്കും തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിച്ചുകൊണ്ട് പുതിയൊരു ചുവടുവെപ്പാണ് എല്‍ ഡി എഫ് നടത്തിയത്.

കുറ്റമറ്റ ക്രമസമാധാനം, മികച്ച ധന മാനേജ്മെന്റ്, ദുര്‍ബല ജനവിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള ആരോഗ്യ-സാമൂഹ്യക്ഷേമ നടപടികള്‍, മികവിലേക്ക് മുന്നേറുന്ന വിദ്യാഭ്യാസ മേഖല, സമ്പൂര്‍ണ്ണവൈദ്യതീകരണത്തിലേക്ക് കുതിക്കുന്ന വൈദ്യുതി രംഗം, വളര്‍ച്ചയുടെ പടവുകള്‍ കയറുന്ന സഹകരണ മേഖല, പുതു ശോഭയാര്‍ജിക്കുന്ന കാര്‍ഷിക മേഖല- ഇത്തരത്തില്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ അക്ഷീണ പ്രയത്നത്തിലൂടെ സമസ്തത രംഗങ്ങളും പുരോഗതിയിലേക്ക് കുതിക്കുകയാണ്.

സമ്പന്ന വിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള കേന്ദ്ര നയങ്ങള്‍ സാമാന്യ ജനങ്ങളുടെ മേല്‍ കടുത്ത ഭാരമാണ് അടിച്ചേല്‍പ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റം ഇന്ത്യയിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ സമ്പന്നാനുകൂല നയങ്ങളാണ് കടുത്ത വിലക്കയറ്റത്തിന് ഇടയായത്. സാമ്രാജ്യത്വ ശക്തികളുടെ വിനീത വിധേയനായി പ്രധാനമന്ത്രി പോലും മാറി. പാവങ്ങളെ വിസ്മരിച്ച് കോര്‍പ്പറേറ്റ് ശക്തികള്‍ക്കും അതി സമ്പന്നര്‍ക്കും വേണ്ടിയുള്ള ‘ഭരണ നടപടികളാണ് കേന്ദ്ര കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വിലക്കയറ്റം അതിരൂക്ഷമാക്കാന്‍ ഇടയാക്കും വിധം പെട്രോള്‍-ഡീസല്‍ വില ഒരു വര്‍ഷത്തിനിടയില്‍ നാല് തവണയാണ് വര്‍ദ്ധിപ്പിച്ചത്. വിലനിയന്ത്രണാധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കിക്കൊണ്ട് യഥേഷ്ടം വിലയീടാക്കാനുള്ള സൌകര്യമാണൊരുക്കിയത്. പൊതുമേഖലാ കമ്പനികള്‍ വിറ്റഴിച്ചും കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് അനുവദിച്ചും കേന്ദ്ര സര്‍ക്കാര്‍ സമ്പന്നാനുകൂല നയം അതിശക്തമായി നടപ്പിലാക്കുകയാണ്. ഒപ്പം ഭരണതലത്തിലെ അഴിമതിയും ബിസിനസ് മാഫിയാ ബന്ധങ്ങളും കേന്ദ്രസര്‍ക്കാറിന്റെ പ്രതിഛായ തകര്‍ത്തിരിക്കുകയാണ്.

കേന്ദ്ര ഭരണാധികാരം അഴിമതി നടത്താനുള്ള ഉപകരണമാക്കിയ കോണ്‍ഗ്രസ് നേതൃത്വം കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അഴിമതിക്കഥകള്‍ പുറത്തുവന്നതോടെ പ്രതിക്കൂട്ടിലായിരിക്കുകയാണ്. അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ ഇന്ത്യന്‍ ജനതയ്ക്കാകെ അപമാനഭാരത്താല്‍ തലകുനിക്കേണ്ട ഗതികേടാണ് നേതൃത്വത്തിലുള്ളവര്‍ ഇതിലൂടെ ഉണ്ടാക്കിയത്.

കേന്ദ്ര നയങ്ങള്‍ സൃഷ്ടിച്ച വിലക്കയറ്റമുള്‍പ്പെടുയുള്ള കടുത്ത വെല്ലുവിളികളെ അതിജീവിച്ച് വിവിധ മേഖലകളില്‍ അഭിമാനകരമായ നേട്ടം കൈവരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചത് ജനപക്ഷ ബദല്‍ നയങ്ങള്‍ നടപ്പിലാക്കിയതിനാലാണ്.

രാജ്യത്ത് ആദ്യമായി കേരളത്തിലാണ് തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിത സംവരണം ഏര്‍പ്പെടുത്തിയത്. വനിത സംവരണ ബില്‍ നാളിതുവരെയായി പാസാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സ്ത്രീ ശാക്തീകരണ ലക്ഷ്യത്തോടെ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ധീരമായ തീരുമാനം സാമൂഹ്യമുന്നേറ്റത്തിന് ശക്തി പകരുമെന്നതിന് രണ്ടഭിപ്രായമുണ്ടാവില്ല. 40 ലക്ഷം സ്ത്രീകള്‍ അംഗങ്ങളായ കുടുംബശ്രീ സംരംഭങ്ങളും സ്ത്രീ ശാക്തീകരണത്തിന്റെ ശ്രദ്ധേയമായ ചുവട്വെപ്പാണ്.

കേന്ദ്ര നയങ്ങള്‍ക്കെതിരായി ജനപക്ഷ ബദല്‍ നയങ്ങള്‍ നടപ്പാക്കിയും യു ഡി എഫ് ഭരണകാലത്തെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തിയും വികസനത്തിലേക്കും ക്ഷേമത്തിലേക്കും നാടുണര്‍ന്ന 4 വര്‍ഷങ്ങള്‍ക്കാണ് ഇടതുപക്ഷ ഭരണത്തില്‍ കേരള ജനത സാക്ഷിയായത്.

വിവാദങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിന്റെ ഭരണ നേട്ടം ജനങ്ങളില്‍ നിന്ന് മറച്ച് പിടിക്കുന്നതിനാണ് വലതുപക്ഷ മാധ്യമങ്ങള്‍ പരിശ്രമിക്കുന്നത്. നിറം പിടിപ്പിച്ച നുണ പ്രചരിപ്പിച്ച് ജനങ്ങളെയാകെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ് യു ഡി എഫ് പിന്തുണയോടെ ഇക്കൂട്ടര്‍ നടത്തുന്നത്.

വര്‍ഗ്ഗീയ-തീവ്രവാദ ശക്തികളെ കൂട്ട് പിടിച്ച് ഇടതുപക്ഷത്തെ എതിര്‍ക്കുന്നതിനാണ് യു ഡി എഫ് പരിശ്രമിക്കുന്നത്. കേരളത്തിന്റെ മതേതരത്വവും ജനങ്ങളുടെ ഐക്യവും തകര്‍ക്കുന്നതിന് ഇവര്‍ കൂട്ട് നില്‍ക്കുകയാണ്.

ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിച്ചുകൊണ്ട് നാടിന്റെ സമഗ്രവികസനം കൈവരിക്കുന്നതിനുള്ള അക്ഷീണപരിശ്രമമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനകം നേടിയ നേട്ടങ്ങള്‍ ഉറപ്പിച്ച്, പുതിയ മേഖലകളിലേക്കുള്ള വളര്‍ച്ച കൈവരിക്കുന്നതിനും ജനങ്ങളാകെ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിനുള്ള അവസരമായി ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ കാണാനും എല്‍.ഡി.എഫിനെ പിന്തുണക്കാനും മുഴുവനാളുകളോടും അഭ്യര്‍ത്ഥിക്കുന്നു. ത്രിതല പഞ്ചായത്തുകളില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ക്ക് നിങ്ങളുടെ വിലപ്പെട്ട സമ്മതിദാനാവകാശം രേഖപ്പെടുത്തി വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ എല്ലാ വോട്ടര്‍മാരോടും അഭ്യര്‍ത്ഥിക്കുന്നു.

1 comment:

 


Copyright Blog Maasika