July 24, 2009

റാഗിംഗ് : പ്രതിവിധി ക്യാമ്പസ്‌ ജനാധിപത്യം


വി.ശിവദാസന്‍

റാഗിംഗ് തടയുവാനായി യു. ജി. സി. 2008 മെയ്‌ 17 നു ഒരു പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍വകലാശാലകള്‍ക്കും കോളേജ്കള്‍ക്കും അയച്ച പ്രസ്തുത സര്‍ക്കുലറില്‍ സ്ഥാപന മേധാവികള്‍ കയ്ക്കൊള്ളേണ്ട നടപടികള്‍ വിശദീകരിക്കുന്നു. സുപ്രീം കോടതിയുടെവരെ ഉത്തരവുകളുടെയും നിരവധി നിയമ നിര്‍മ്മാണങ്ങളുടെയും തുടര്‍ച്ചയാണിത്. ഇത്രയൊക്കെ ഇടപെടലുകള്‍ ഉണ്ടായിട്ടും റാഗിംഗ് എന്തുകൊണ്ടാണ് അവസാനിപ്പിക്കാന്‍ കഴിയാത്തത്?. ഗവര്‍മെന്റും ഇതര ഏജന്‍ന്‍സികളും കഴിഞ്ഞ 5 വര്ഷം റാഗിങ്ങിനെതിരെ വലിയ പ്രചാരണമാണ് നടത്തിയത്. ഇതേ കാലയളവിലാണ് രാജ്യത്ത് ഏറ്റവുമധികം റാഗിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും. ഇതില്‍ തന്നെ 2007-2008 അധ്യയന വര്ഷം, അതിനു മുന്‍പത്തെ നാലുവര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികമായി. 2003-2008 കാലയളവില്‍ റാഗിംഗ് കാരണം 28 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. പതിനൊന്നുപേര്‍ ആത്മഹത്യ ചെയ്തു. ഇതില്‍ പതിനൊന്നു കൊലപാതകവും അഞ്ച് ആത്മഹത്യകളും 2007-2008 അധ്യയന വര്‍ഷത്തില്‍ മാത്രമാണ്.


ഇന്ത്യയിലെ ഏകദേശം 80% കോളേജ്കളിലും റാഗിംഗ് അരങ്ങേറുന്നുണ്ട്. 1983 ലെ കര്‍ണാടക എഡുക്കേഷണല്‍ ആക്ട്‌ റാഗിങ്ങിനെ നിര്‍വചിച്ചിരിക്കുന്നത്, "ഒരു വിദ്യാര്‍ത്ഥിയെ തമാശ രൂപേണയോ അല്ലാതെയോ അവനു ലഭിക്കേണ്ടുന്ന മാനുഷിക പരിഗണനയെ നിഷേധിക്കുന്ന ഏതെങ്കിലും കാര്യം ചെയ്യാന്‍ പ്രേരിപ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്യുകയോ, അവനെ പരിഹാസപാത്രമാക്കുകയോ അല്ലെങ്കില്‍ അവനെ ഏതെങ്കിലും നിയമപരമായ പ്രവര്‍ത്തി ചെയ്യുന്നതില്‍ നിന്നും ക്രിമിനല്‍ ശക്തി ഉപയോഗിച്ചോ അല്ലാതെയോ വിലക്കുകയോ തടസ്സപ്പെടുത്തുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്നത് " എന്നാണു. ഒരു വിദ്യാര്‍ത്ഥിയുടെ അന്തസ്സിനേയും അഭിമാനത്തെയും വ്രണപ്പെടുത്തുന്ന പ്രവര്‍ത്തിയാണ് റാഗിംഗ്.


റാഗിംഗ് പല രീതിയിലാകാം. പരിചയപ്പെടല്‍ മുതല്‍ വിത്യസ്ത രീതിയിലാണത്‌. നവാഗത വിദ്യാര്‍ത്ഥി യോട് പേര് ചോദിച്ച് പരിചയപ്പെടുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷെ ഇവിടെ അസഭ്യ ഭാഷയിലെ ചോദ്യങ്ങള്‍ക്ക് ചേട്ടന്‍മാരുടെ ആശയ്ക്കൊത്ത മറുപടി വേണം. പ്രവേശനം തേടിവരുന്നവരുടെ പോക്കറ്റില്‍ അധികാരപൂര്‍വ്വം കയ്യിടുക, തനിക്കു വേണ്ടതെടുക്കുക, തടഞ്ഞാല്‍ കയ്ക്കരുത്തും ഗ്യാങ്ങുബലവും കൊണ്ട് മറുപടി നല്‍കുക. ചെത്ത്‌ കുട്ടപ്പന്മാരുടെ സംഘത്തിനു സിഗരറ്റു വാങ്ങി കൊടുക്കുക, അതും പോരാ സിഗരറ്റിനു തീ കൊളുത്തികൊടുക്കാനും ഇവര്‍ വേണം. ഒന്നാം വര്‍ഷക്കാര്‍ക്ക് മാത്രമല്ല, സമൂഹത്തിലെ താഴെക്കിടയില്‍ നിന്നും വിദ്യാഭ്യാസത്തിനെത്തുന്നവര്‍ സീനിയേര്‍സ്‌ ആയാലും ഇത്തരം അനുഭവം ഉണ്ടാകും. ഭീഷണിപ്പെടുത്തി പാട്ടുപാടിക്കല്‍, കഥപറയിക്കല്‍.... ആവശ്യങ്ങള്‍ വ്യത്യസ്തമായി കടന്നുവരും. ഫുട്ബോള്‍ മയ്താനം തീപ്പെട്ടിക്കമ്പുകൊണ്ട് അളപ്പിക്കലും‍, തീഷ്ണമായ ഉച്ചവെയിലില്‍ മയ്താനത്തിന് നടുവില്‍ നിന്നുള്ള സൂര്യ ചുംബനവും, ഹോസ്റ്റല്‍ സീനിയേര്‍സിന്റെ മുറിയിലെ ക്ലോസ്സെറ്റ്‌ വെറും കൈകൊണ്ട് ക്ലീന്‍ ചെയ്യിക്കലും വരെ ഇതില്‍ പെടും.


ഏറെ പ്രതീക്ഷയുമായാണ് നവാഗത വിദ്യാര്‍ത്ഥി കലാലയത്തിലേക്ക് കടന്നുചെല്ലുക. സ്നേഹസാന്ദ്രമായ വരവേല്‍പ്പുകളാണ് അവരാഗ്രഹിക്കുക. എന്നാല്‍ പലര്‍ക്കും അനുഭവം അങ്ങിനെയല്ല. കാല്‍പാദത്തിലെ കറുത്ത ബൂട്ടിന്റെ അടിഭാഗം നാക്കുകൊണ്ട് ശുചിയാക്കാന്‍ കല്‍പ്പിക്കുന്ന തമ്പുരാക്കന്മാരാണ് അവരെ സ്വീകരിക്കുക. ആര്‍.കെ.രാഘവന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട സംഭവങ്ങളെടുക്കാം. ഭുവനേശ്വറിലെ ഫാര്‍മസി വിദ്യാര്‍ത്ഥിയായ ബിജോയ്‌ മഹാരതി തുടര്‍ച്ചയായ റാഗിംഗ് പീഡനത്താലാണ് കൊല്ലപ്പെട്ടത്. ഹയ്ദരാബാദിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി എസ.പി.മനോജ്‌ ആത്മഹത്യ ചെയ്തതും റാഗിംഗ് കാരണമാണ്. ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത ഇംഫാലിലെ നാഗ വിദ്യാര്‍ത്ഥി, പട്ന സയന്‍സ് കോളേജില്‍ റാഗിംഗ് തടയാന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പ്, ഹയ്ദരാബാദില്‍ മൂന്നു വിദ്യാര്‍ത്ഥികളെ നഗ്നരാക്കി നടത്തിച്ച് കാമറയില്‍ പകര്‍ത്തിയത്, ദല്‍ഹിയിലെ പ്രശസ്തമായ ഐ.ഐ.ടി. യില്‍ നൂറോളം വിദ്യാര്‍ത്ഥികളെ ഹോസ്റ്റലിന്റെ ഇടനാഴിയിലൂടെ നഗ്നരാക്കി നടത്തിച്ചത്....ഇങ്ങിനെ നിരവധി സംഭവങ്ങള്‍.


ജൂനിയര്‍ വിദ്യാര്‍ത്ഥികളെ നഗ്നരാക്കി ശരീരം പൊള്ളിച്ച അനുഭവമാണ് ഗുജറാത്ത് വിദ്യാപീഠത്തിലേത്. മഹാത്മജിയുടെ ആഹ്വാനപ്രകാരം സ്ഥാപിതമായ സ്ഥാപനമാണിത്. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ പെണ്‍കുട്ടികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ കൂട്ടമായി ലൈംഗീക പീഡനത്തിന് ഇരയാക്കുകയാണ് ചെയ്തത്. രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ചതാണ് ഈ സര്‍വകലാശാല. നഗ്നരാക്കി തന്നെ പീഡിപ്പിച്ച രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ ഹയ്ദരാബാദിലെ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയുടെ പ്രതികാരം മറ്റൊരു കഥയാണ്‌. കൂടാതെ ഇന്റര്‍നാഷണല്‍ സ്കൂളുകളില്‍ ഉള്‍പ്പെടെയുള്ള റാഗിംഗ് അനുഭവങ്ങളും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.


രാഘവന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതിനു ശേഷമാണ് ഹിമാചല്‍ യൂനിവേര്‍സിറ്റിയില്‍ അമന്‍ കുച്ച്രു എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. ഡോ: രാജേന്ദ്രപ്രസാദിന്റെ പേരിലുള്ള കോളേജ്ല്‍ ക്രൂരമായ റാഗിംങ്ങിനാണ് ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ കുച്ച്രു വിധേയനായത്. റാഗിങ്ങിന്റെ ക്രൂരത ചര്‍ച്ച ചെയ്യുമ്പോഴും ഇരയാകുന്ന വിദ്യാര്‍ത്ഥിക്ക് നീതി ലഭ്യമാക്കുന്നതില്‍ തികഞ്ഞ പരാജയമാണ് ഉണ്ടാകുന്നത്. പല കാമ്പസിലും പരാതിക്കാരോടുള്ള സമീപനം മറ്റൊരു റാഗിംഗ് ആണ്. പ്രത്യേകിച്ച് സ്വാശ്രയ കോളേജ്കളില്‍. പ്രതികളുടെ പേര് കേട്ട മാത്രയില്‍ അധ്യാപക ശ്രേഷ്ടരുടെ ഉപദേശങ്ങളുണ്ടാകും. കോളേജ് അല്ലേ, ചെറിയ തോതിലൊക്കെ അഡ്ജസ്റ്റ് ചെയ്യുക. ചില കോളേജ്കളില്‍ പ്രതികളുടെ മാതാപിതാക്കള്‍ മാനേജ്മെന്റിന്റെ പ്രധാന സാമ്പത്തിക കേന്ദ്രമായിരിക്കും. ബില്‍ഡിംഗ്‌ ഫണ്ടിലേക്ക്, പ്രിന്‍സിപ്പലിന്റെ സ്പെഷ്യല്‍ ഫണ്ടിലേക്ക്, മാനജേരുടെ ഡെവലപ്മെന്റ് ഫണ്ടിലേക്ക് ഒക്കെ ഉപേക്ഷയില്ലാതെ സഹായിച്ചവര്‍. ഇവരുടെ മക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരു വിമ്മിട്ടം സാധാരണം മാത്രം.


റാഗിംഗ് ചെറുമാതിരിയാകാം എന്ന് പറയുന്ന ഒരു കൂട്ടരുമുണ്ടിവിടെ. സഭാകമ്പം ഇല്ലാതാകും പിന്നെ സ്മാര്ട്ടാകും എന്നൊക്കെയാണ് ന്യായീകരണങ്ങള്‍. രക്ഷിതാക്കളും ഈ കൂട്ടത്തിലുണ്ട്. അവരറിയുക. സഭാകമ്പം മാത്രമല്ല, അവരുടെ മക്കള്‍തന്നെ ഇല്ലാതായേക്കാം.


സമ്പന്ന പുത്രന്മാരും ക്രിമിനലുകളുമാണ് റാഗിങ്ങിന് നേതൃത്വം നല്‍കുന്നത്. ആദ്യ കാലങ്ങളില്‍ ഗവണ്മെന്റും ഇതര അധികാര കേന്ദ്രങ്ങളും ഇതിനെ അവഗണിക്കുകയായിരുന്നു. അധികാര ശ്രേണിയില്‍, തലപ്പത്തിരിക്കുന്നവരുടെ മക്കള്‍ ഇതിനിരയാവാന്‍ തുടങ്ങിയപ്പോഴാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.


വിദ്യാര്‍ത്ഥി യൂണിയനുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കാമ്പസുകള്‍ റാഗിംഗ് വിമുക്തമാണെന്ന് വേണമെങ്കില്‍ വിളിക്കാം. ആര്‍.കെ.രാഘവന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ റാഗിംഗ് സംഭവങ്ങള്‍ നടന്ന ഒരിടത്തുപോലും ശരിയാം വിധമുള്ള വിദ്യാര്‍ത്ഥി യൂണിയനില്ല. കുപ്രസിദ്ധനായ പപ്പുയാദവിന് സ്വീകരണമൊരുക്കിയ പാറ്റ്ന സര്‍വകലാശാല, കൊലപാതക പരമ്പരകള്‍ക്ക് സാക്ഷിയായ അലിഖഡ്‌ സര്‍വകലാശാല.... അവിടെ വൈസ്‌ ചാന്സലറുടെ വസതി പോലും അഗ്നിക്കിരയാക്കപ്പെട്ടു. കൊള്ള ഫീസിനെ ചോദ്യം ചെയ്തതിന് പ്രിന്‍സിപ്പാളും സംഘവും ഗുണ്ടകളെക്കൊണ്ട് വിദ്യാര്‍ത്ഥികളെ തള്ളിച്ച ബാംഗളൂരിലെ വിവേകാനന്ദ കോളേജ് ഓഫ് നഴ്സിംഗ്, അധ്യാപക പീഡനത്തെതുടര്‍ന്നു വിദ്യാര്‍ത്ഥി ആത്മഹത്യചെയ്ത തിരുവനന്തപുരം ജില്ലയിലെ പി.എം.എസ്.ഡെന്റല്‍ കോളേജ്. ഇവിടെയെല്ലാം അകറ്റി നിര്‍ത്തിയിരിക്കുന്നത് വിദ്യാര്‍ത്ഥി യൂനിയനുകളെയാണ്. അതിന് ഒരു രാഷ്ട്രീയ പിന്‍ബലവും ഉണ്ട്. അച്ഛന്‍ നല്‍കിയ പോക്കറ്റ്‌ മണിയിലൂടെ ഗാന്ധിയെ പരിച്ചരിച്ചവരുടെ ധിക്കാരവും ധാര്ഷ്ട്യവുമാണ് റാഗിങ്ങായി രൂപപ്പെടുന്നത്. റാഗിങ്ങിനെ ചെറുക്കാന്‍ ശരിയായ രാഷ്ട്രീയ ബോധമുള്ള വിദ്യാര്‍ത്ഥികള്‍ക്കേ കഴിയൂ.


കോളേജ്കളില്‍ ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടത്തേണ്ടുന്നതിന്റെ പ്രാധാന്യം ആര്‍.കെ.രാഘവന്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. ലിംഗ്ദോ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ടുന്ന ആവശ്യകതയ്ക്കും അദ്ദേഹം അടിവരയിടുന്നു. 2006 ലെ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ്‌ രാഘവന്‍ കമ്മറ്റി രൂപപ്പെട്ടത്. സുപ്രീം കോടതി തന്നെയാണ് ജെ.എം.ലിംഗ്ദോയുടെ നേതൃത്വത്തിലുള്ള കമ്മീഷനെ നിശ്ചയിച്ചതും. ഈ രണ്ട് റിപ്പോര്‍ട്ടുകളും യഥാവിധി നടപ്പിലാക്കേണ്ടുന്നതിന്റെ മുഖ്യ ചുമതല ആര്‍ക്കാണ്?. കലാലയത്തിലെ വിദ്യാര്‍ത്ഥിക്കോ അധ്യാപകനോ അല്ല. കേന്ദ്ര ഗവണ്മെന്റിനും യു.ജി.സി. ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സമിതികള്‍ക്കുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമാണ് നമ്മള്‍ കണ്ടത്. രാഘവന്‍ തന്റെ റിപ്പോര്‍ട്ടില്‍ വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കണമെന്നു പറയുന്നു. കലോല്സവങ്ങളും കായികമേളകളും ഇതിലുള്‍പ്പെടും. അലസ മനസ് ചെകുത്താന്റെ പണിപ്പുരയാണ് എന്നോര്‍മ്മപ്പെടുത്തിയാണ് ഇത് പരാമര്‍ശിച്ചത്.


ഇന്ത്യയിലെ 26 കേന്ദ്ര സര്‍വകലാശാലകളില്‍ നാലിടത്ത് മാത്രമാണ് വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥി യൂണിയനുകള്‍ പരിചിതമേയല്ല. കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ റാഗിംഗ് ഇല്ലാതാക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ ഏറെ സഹായകരമാണെന്ന് വിലയിരുത്തപ്പെടുന്നു. ആന്റി റാഗിംഗ് സ്ക്വാഡില്‍ വിദ്യാര്‍ത്ഥികളുടെ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ഉണ്ടായിരിക്കണമെന്നും നിര്‍ദേശിക്കുന്നു.


റാഗിങ്ങിനെതിരെ ധാര്‍മ്മികതയുടെ ഗിരിപ്രഭാഷണങ്ങള്‍ നടത്തുന്നവരാണ് ഗവണ്മെന്റിന്റെയും യു.ജി.സിയുടെയും തലപ്പത്ത്‌. പരാമര്‍ശിക്കപ്പെട്ട കമ്മീഷനുകളുടെ റിപ്പോര്‍ട്ട് എന്ത് കൊണ്ടാണ് ഇച്ച്ചാശക്തിയോടെ നടപ്പിലാക്കപെടാഞ്ഞത്?. രാഷ്ട്രീയവും സാമ്പത്തീകവുമായി അധികാരം കയ്യാളുന്നവരുടെ താല്‍പ്പര്യം ഹനിക്കപ്പെടുമെന്നതിനാലാണ്. വിദ്യാര്‍ത്ഥി യൂണിയന്‍ റാഗിങ്ങിനെന്നപോലെ വിദ്യാഭ്യാസ കച്ചവടത്തിനും എതിരായിത്തീരും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാമ്പസുകളിലെ ജനാധിപത്യപരമായ പ്രവര്‍ത്തനം ഇന്ന് അസാധ്യമാണ്. കോണ്‍ഗ്രസ്സും ബി.ജെ.പിയും ഇതര ബൂര്‍ഷ്വാ പാര്‍ട്ടികളും വിദ്യാര്‍ത്ഥിയുടെ ജനാധിപത്യ സ്വാതന്ത്ര്യത്തിന് തടയിടുന്നു. ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടമാണവിടങ്ങളില്‍. ചോദിക്കാനും എതിര്‍ക്കാനും ആരുമില്ലാത്ത വേദനിപ്പിക്കുന്ന ശൂന്യത. റാഗിങ്ങിനെ ചെറുക്കുകയും ക്രിമിനല്‍ ഗ്യാങ്ങുകളുടെ വിളയാട്ടത്തിന് തടയിടുകയും ചെയ്തത് ശരിയായ രാഷ്ട്രീയ ബോധമുള്ള വിദ്യാര്‍ത്ഥികളാണ്. അരാഷ്ട്രീയതയുടെ ഉലപ്പന്നമാണ് റാഗിംഗ്. മാനവീകതയില്ലാത്ത വലതുപക്ഷ രാഷ്ട്രീയത്തിന്റെ സൃഷ്ട്ടിയാണത്. നിയമ നിര്‍മ്മാണങ്ങളോ കോടതി ഉത്തരവുകലോ കൊണ്ട് മാത്രം സാധ്യമാകുന്ന ഒന്നല്ല റാഗിംഗ് വിമുക്ത ക്യാമ്പസ്‌. റാഗിങ്ങിന് മറുമരുന്ന് ക്യാമ്പസിന്റെ ജനാധിപത്യവല്‍ക്കരണം മാത്രമാണ്.

July 21, 2009

സാംസ്കാരീക അധിനിവേശത്തിന്റെ ബ്രാണ്ട് അമ്പാസിഡര്‍മാര്‍


എം.കെ.ഖരീം

ഒ. വി. വിജയനെ കാവിപുതപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ആരാണ്? ആരുടെ തോന്നലാണത്? ഈ തട്ടിപ്പിന്റെ സൂത്രധാരന്‍ തിരശ്ശീലയ്ക്ക് പിന്നില്‍ ഒളിച്ചിരിപ്പുണ്ട്. കറുത്തവനും മുസ്ലിം പാരമ്പര്യം ഉള്ളവനുമായ ബരാക്ക് ഹുസ്സൈന്‍ ഒബാമയെ അവരോധിച്ചിടത്തും സമാനമനസ്കരായ സൂത്രധാരന്മാരുണ്ട്. സാമ്രാജ്യത്വം കറുത്തവര്‍ക്കും മുസ്ലീംങള്‍ക്കും എതിരല്ല എന്നുവരുത്തിത്തീര്‍ക്കാനുള്ള ഒരേര്‍പ്പാടാണത്. ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം വായിക്കപ്പെടുന്ന പുസ്തകം ഏതാണ്? മീന്‍കാംഫാണത്. മീന്‍കാംഫ് (Mein Kampf) ഹിറ്റ്‌ലരുടെ ആത്മകഥയാണ്. അതിന്റെ ഏറ്റവും മികച്ച വിപണി ഗുജറാത്താണെന്നുകൂടി വരുമ്പോള്‍ തിരക്കഥ പൂര്‍ണമാവുന്നു. വിമോചനസമരത്തിന്റെ പ്രേതത്തെ വീണ്ടും എഴുന്നള്ളിക്കുന്നതും അതേ സൂത്രധാരന്മാര്‍തന്നെ. അവര്‍ക്ക് ഈമണ്ണില്‍വേരോടണം. അതിനു മണ്ണിനെ പാകപ്പെടുത്തണം. മതേതര കമ്പോളത്തില്‍ ഹിറ്റ്‌ലര്‍ എന്ന ബിംബത്തെ സ്ഥാപിക്കണമെങ്കില്‍ മറ്റു ചിലതു തകര്‍ക്കപ്പെടേണ്ടതുണ്ട്. ഒ.വി. വിജയനെ കാവിയില്‍മുക്കുന്നത് ഈ മുന്നൊരുക്കങ്ങളില്‍ ഒന്നുമാത്രം.

യുക്തിക്കും അയുക്തിക്കും ഇടയിലൂടെ സഞ്ചരിച്ച പഥികനാണ് ഒ. വി. വിജയന്‍. പുറപ്പെട്ടുപോകുന്നവനേ എന്തെങ്കിലും നേടുന്നുള്ളൂ എന്നുകരുതുന്നവന്‍. അവിടെ വിജയന്റെ മതം പുറപ്പെട്ടുപോകല്‍ ആണെന്നതു വ്യക്തം. തന്റെ രചനകളിലൂടെ അദ്ദേഹം വെളിപ്പെടുത്തുന്നത് ഈ സത്യമത്രേ. ഖസാക്കിലെ രവിയും, ഗുരുസാഗരത്തിലെ കുഞ്ഞുണ്ണിയും ഹൈന്ദവര്‍ ആണ്: അപ്പോള്‍പോലും അവര്‍ ഹിന്ദുത്വവാദികളല്ല. അതിഹൈന്ദവരല്ല. ചട്ടക്കൂടുകള്‍ക്കു വഴങ്ങുന്നവരല്ല. വേലികള്‍തകര്‍ത്തു പുറത്തേക്കുസഞ്ചരിക്കുന്നവരാണ്. ഓരോ സഞ്ചാരവും ഓരോ വേര്‍പാടാണ്. വേര്‍പാടുകള്‍വേദനയാണ്. പലപ്പോഴും ദുരന്തമാണ്. പക്ഷേ പുറപ്പെട്ടുപോവാതെ ഒന്നും നേടാനാവുകയില്ല. ഇത് വിജയന്‍തന്റെ രചനകളിലൂടെ ഖണ്ഡിതമായി പറയുന്നുണ്ട്. പുറന്തള്ളപ്പെടുന്നവന് ഒരു പാട് പറയാനുണ്ട്. അയാള്‍ക്കേ എന്തെങ്കിലും സൃഷ്ടിക്കാനാവൂ.

വിജയന്റെ സഞ്ചാരം ആത്മീയമാവട്ടേ, ഭൗതികമാവട്ടേ, അത് കണ്ടുമുട്ടാവുന്നത് ബുദ്ധനിലോ യോഗിയിലോ ആണ്. യോഗിയെ ഹൈന്ദവതയോട് ചേര്‍ത്തു വായിക്കാന്‍ എളുപ്പമാണ്. എന്നാല്‍ യോഗിയെ സൂഫിയോട് ചേര്‍ക്കുകയാണ് വേണ്ടത്. സൂഫിയും യോഗിയും രണ്ടു രൂപമുള്ളവരാണെങ്കിലും അവരുടെ അശാന്തിയും അന്വേഷണവുമെല്ലാം ഒന്നുതന്നെയാകുന്നു. ഒരാള്‍ അഹം ബ്രഹ്മാസ്മി എന്നു പറയുമ്പോള്‍ മറ്റെയാള്‍ അനല്‍ഹഖ് എന്നു പറയുന്നു. രണ്ടും ഒന്നുതന്നെ. ഭാഷയാണ് ഒന്നിനെ പലതാക്കുന്നത്.

എന്തിനാണ് ചിലര്‍സത്യങ്ങളെ ഉന്മൂലനം ചെയ്യുന്നത്? കൃത്യമായ ലക്ഷ്യത്തോടെയാണ് ഇതു ചെയ്യുന്നത്. പ്രധാനമായ ലക്ഷ്യം അസത്യത്തെ സത്യപ്പെടുത്തുകതന്നെ. ലോകത്ത് എത്രയെത്ര നുണകളാണ് സംസാരിക്കപ്പെടുന്നത്? ഓരോ നുണയും എഴുത്തിനു എതിരാണ്. എഴുത്തിനു എതിരാവുമ്പോഴുംനുണ നുണയായി വര്‍ത്തിക്കുന്നു. എഴുത്തുകാര്‍തന്നെ സത്യത്തെ തകിടം മറിക്കുന്നുണ്ട്.കേരളത്തില്‍ സാംസ്കാരികാധിനിവേശത്തിന്റെ തലം ഒരുങ്ങിയത് "വിമോചനസമര"ത്തിലൂടെയായിരുന്നു. ലോകത്തില്‍
ആദ്യമായി കമ്യൂണിസ്റ്റുകാര്‍ ബാലറ്റിലൂടെ അധികാരത്തിലെത്തുകയും ലോകസാമ്രാജ്യത്വം കേരളത്തിലെ ജാതിമത ശക്തികളെ ഒരുമിപ്പിച്ച് വിമോചനലഹള നടത്തിക്കുകയും ചെയ്തത് ഫോര്‍മലായ ചരിത്രപുസ്തകങ്ങളില്‍ കാണമമെന്നില്ല.

വിജയന്‍ നടരാജഗുരുവിലേക്ക് നടന്നെത്തിയത്, സഞ്ചരിച്ചത്, ഒരവിശുദ്ധസംഭവമായി ചിലബ്രാന്റ് അംബാസഡര്‍മാര്‍രേഖപ്പെടുത്തിയിട്ടുണ്ട്. അതി ഹൈന്ദവനല്ലാത്ത വിജയന്‍ വേറൊരു വാതില്‍തേടുകയായിരുന്നു. എന്തുകൊണ്ട് അതിനെ സന്ദേഹിയുടെ യാത്രയായി ആരും വായിക്കുന്നില്ല? സന്ദേഹിച്ചു തുടങ്ങിയപ്പോഴാണ് മാനവനാഗരികതയ്ക്ക് ബീജാവാപം നടന്നതെന്ന് ദാര്‍ശനികാചാര്യനായ റസ്സല്‍ പറയുന്നുമുണ്ട്. ഒരാള്‍ അയാളുടെ അന്വേഷണം പുഴയില്‍നിന്നും ആരംഭിച്ചാല്‍, അത് പുഴയുടെ മതമായി കരുതുന്നത് സംഗതമല്ല. പുഴ അയാള്‍ക്കൊരിടം മാത്രമാവുന്നു. പുഴയ്ക്ക് ജാതിമതങ്ങളില്ല. പുഴ ചിന്തിക്കുന്നുപോലുമില്ല. പ്രപഞ്ചത്തിന്റെ സവിശേഷതകളില്‍ ഒന്നിതാണ്. ഭൗതികവസ്തുക്കള്‍ ഭ്രമാത്മകമാം വണ്ണം സചേതനമാണ്.

മലയാളിയുടെ സംവേദനശീലത്തെ, സൗന്ദര്യാഭിരുചികളെ, തകിടം മറിച്ച നോവലാണ് ഖസാക്കിന്റെ ഇതിഹാസം. വായനയുടെ മാത്രമല്ല, വിമര്‍ശത്തിന്റെയും നടുവൊടിച്ചുകൊണ്ട് ആ കൃതി നമ്മോടൊപ്പം എപ്പോഴുമുണ്ട്. വിജയന്റെ നേര്‍പ്പകര്‍പ്പത്രേ രവി.
"രവി ഉറങ്ങാന്‍ കിടന്നു. ജനാലയിലൂടെ ആകാശം മിന്നുന്നു; തുടിക്കുന്നു. ഈശ്വരാ, ഒന്നുമറിയരുത്. ഉറങ്ങിയാല്‍മതി. ജന്മത്തില്‍നിന്നും ജന്മത്തിലേക്ക് തലചായ്ക്കുക. കാടായി നിഴലായി മണ്ണായി ആകാശമായി വിശ്രമം കൊള്ളുക. അറിവിന്റെകണ്ണുകള്‍ പതുക്കെ പൂട്ടി. മിന്നി തുടിക്കുന്ന ബഹിരാകാശം കൈതപ്പൊന്തകളിലിറങ്ങിവന്നു. ഖസാക്കിലെ മിന്നാം മിനുങ്ങുകളായി. ആ അനന്തരാശിയില്‍ നിന്ന്, ഏതോ സാന്ദ്രമായ കിനാവുകള്‍ അയാളുടെ നിദ്രയിലിറ്റു വീണു. അവ മനുഷ്യനെ സ്‌നാനപ്പെടുത്തി" ( ഖസാക്കിന്റെ ഇതിഹാസം)
" സായാഹ്നങ്ങളുടെ അച്ഛാ, " രവി പറഞ്ഞു: " മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്തു തുന്നിയ പുനര്‍ജ്ജനിയുടെ കൂട് വിട്ടു ഞാന്‍വീണ്ടും യാത്രയാണ്"

അവിടെ പിതൃബന്ധം, വേര്‍പാട് മാത്രമോ രേഖപ്പെടുത്തേണ്ടത്? അല്ല. പ്രകൃതിബോധത്തിന്റെ പരമോന്നതിയാണത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ മഹിതമായ ആവിഷ്കാരം. അത് അത്രയൊന്നും ആത്മീയമൊന്നുമല്ല. ( ആത്മീയമായാല്‍കുഴപ്പമൊന്നുമില്ല ). അരായല്‍മരം പരിണയിക്കുന്ന പെണ്‍കുട്ടിയുള്ള കഥാസന്ദര്‍ഭമുണ്ടല്ലോ വിജയനില്‍! അതും ഇതുതന്നെ. ഒരേ ജൈവവിന്യാസത്തിന്റെ വൈവിധ്യം! അരയാല്‍ ഒരു മഹാസംസ്കൃതിയുടെ ഉന്നതഭാവത്തിന്റെ ജൈവവും അതേസമയം ഭൗതികവുമായ പ്രതീകമാവുന്ന ഒരു കാഴ്ചയാണിത്. അത്ഭുതകരമായ ഈ സമ്യക്ദര്‍ശനം മുമ്പ് ബുദ്ധനിലോ മഹാവീരനിലോ മാത്രമാവുന്നു നാം ദര്‍ശിച്ചിട്ടുള്ളത്. ബുദ്ധനും മഹാവീരനും നിരീശ്വരരാണെന്ന് വാദിക്കുന്ന മിടുക്ക് ചിലപ്പോള്‍ പലര്‍ക്കും നഷ്ടമാവുന്നതെന്തുകൊണ്ടാണ്?

സൗന്ദര്യ ശാസ്ത്രത്തിന്റെ പുതിയ മാനങ്ങള്‍ സൃഷ്ടിക്കാന്‍ വിജയന് കഴിഞ്ഞിരുന്നു. മധുരം ഗായതി തുടങ്ങിയ തിളങ്ങുന്ന രചനകളിലൂടെ, ഗുരുസാഗരത്തിലൂടെ, ധര്‍മ്മപുരാണത്തിലൂടെ, വിജയന്‍ ഈ ധര്‍മ്മം നിര്‍വ്വഹിച്ചു. ധര്‍മ്മപുരാണം ഇന്ത്യിലുണ്ടായ ഏറ്റവും കാമ്പുറ്റ ആന്റി ഫാഷിസ്റ്റ് കൃതിയായി വിലയിരുത്തപ്പെടാതെ പോയത് ഇന്ത്യന്‍ നിരൂപണത്തിന്റെ അപര്യാപ്തതതന്നെയാണ്. വിശേഷിച്ചും ജനാധിപത്യപക്ഷത്തുനില്ക്കുന്നവരുടേയും, ഇടതുപക്ഷത്തുനില്ക്കുന്നവരുടേയും ഇടതുപക്ഷം സ്വന്തം സാഹിത്യം ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. ആത്മീയതയ്ക്ക് സ്വന്തം നിലയില്‍ തകരാറൊന്നുമില്ല. തത്ത്വശാസ്ത്രതരുവിലെ വന്ധ്യമായ പുഷ്പങ്ങള്‍ എന്നാണ് ആത്മീയവാദത്തെ ലെനിന്‍ വിലയിരുത്തുന്നത്. കായ്ക്കുകയില്ലായിരിക്കാം, പക്ഷേ, വസ്തുതകളിലേക്ക് കാഴ്ചയെ കൊണ്ടുപോവുന്നതിന് ആത്മീയവാദവും സഹായിക്കും.

വിജയന്റെ ഭൗതികശരീരം മരിച്ചു. വിജയനോ സൃഷ്ടികളോ മരിക്കുന്നില്ല. എല്ലാ മഹാപ്രതിഭകളേയും പോലെ, അദ്ദേഹവും കൃതികളും പേര്‍ത്തും പേര്‍ത്തും പഠിക്കപ്പെടുന്നു, ആസ്വദിക്കപ്പെടുന്നു. അത് ചിലരുടെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുന്നുണ്ട്. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പ്ലാറ്റ് ഫോമില്‍നിന്നുകൊണ്ടായിരുന്നു സക്കറിയ വിജയനെ ആക്രമിച്ചത്. ഫാസിസ്റ്റ് കക്ഷിയുടെ പിന്തുണയുള്ള സംഘടനയില്‍നിന്ന് സമ്മാനം സ്വീകരിച്ച വിജയനെ കടന്നാക്രമിച്ച സക്കറിയ അതേ കക്ഷിയുടെ സ്ഥാനാര്‍ത്ഥിയായ കുഞ്ഞബ്ദുള്ളയെ ന്യായീകരിക്കുന്നതിലെ യുക്തിയെന്താവാം? വിജയനാവട്ടെ, ജീവിതത്തിലൊരിക്കലും ഫാഷിസ്റ്റ് കക്ഷിയെ തെരഞ്ഞെടുപ്പുകളില്‍ പിന്തുണച്ചിട്ടില്ല. കുഞ്ഞബ്ദുള്ള ഇപ്പോള്‍ ആ കക്ഷിയുമായി അടുപ്പത്തിലല്ല എന്നാണ് സക്കറിയയുടെ ന്യായം. ഒരുപക്ഷേ , കുഞ്ഞബ്ദുള്ള ആ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നുവെങ്കില്‍, അബ്ബാസ് നദ്വിയെ പോലെ കുഞ്ഞബ്ദുല്ലയും ഫാഷിസ്റ്റ് പാര്‍ട്ടിയുടെ വക്താവും പ്രയോക്താവുമാകുമായിരുന്നില്ലെന്ന് എങ്ങനെയറിയാം? സ്മാരകശിലകളിലെ കുത്തഴിഞ്ഞ ജീവിതമാണ് മുസ്ലിം സമുദായത്തിന്റെ സ്വാഭാവികശൈലിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഫാസിസ്റ്റ് ശൈലിയുടെ ഒരു ഭാഗമാണോ അത്? ആഗോളതലത്തില്‍ ഇന്ത്യന്‍മു മുസ്ലീമിനെ അവഹേളിക്കാനുള്ള യത്‌നമല്ല, ഇതെന്ന് ആര്‍ക്കുപറയാനാവും?

വിമോചനസമരത്തിന്റെ അമ്പതാം വാര്‍ഷികം കെട്ടിയാടാന്‍ ചിലര്‍ ഒരുങ്ങിയിരിക്കുകയാണല്ലോ. സത്യമായും ഇത്തരുണത്തിലെ സക്കറിയായുടെ ശബ്ദം എന്തെല്ലാമോ ഉന്നം വയ്ക്കുന്നുണ്ട്. ഹിറ്റ്‌ലരുടെ പുസ്തകം വ്യാപകമായി പാരായണം ചെയ്യപ്പെടുന്നുവെന്ന വസ്തുതയുമായി ഇത് കൂട്ടി വായിക്കണം. ഗുജറാത്തിലെ മോഡിക്കരങ്ങള്‍ വൈകാതെ കേരളത്തിലേക്കു വന്നേക്കും എന്ന മുന്നറിയിപ്പും കൂടി ഇതിലെല്ലാമുണ്ട്. വിജയന്‍ എഴുതുന്നു:
"നമ്മുടെ ഹൈന്ദവത - നമ്മുടെ കര്‍മ്മസിദ്ധികളുടെ അടിത്തട്ടില്‍ കിടക്കുന്ന ഒരു സാംസ്കാരികസൂക്ഷ്മശരീരം എന്ന നിലയ്ക്കുമാത്രമേഅതിനു പ്രസക്തിയുള്ളൂ. അതിനു രാഷ്ട്രീയമായും വടിതല്ലുമായൊക്കെ രൂപം കൊടുത്താല്‍ ഇവിടെയുണ്ടാവുക ഹൈന്ദവ ഖൊമേനിമാരും സിയാമാരും മാത്രമായിരിക്കും"( നമ്മുടെ ഹൈന്ദവത )
ഒ. വി. വിജയന്‍ ഭാരതത്തിന്റെ ആത്മാവ് തേടിയ യോഗിയാണ്. സന്ദേഹിയായ ആ സഞ്ചാരിയെ കാവി ഉടുപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ മറ്റാര്‍ക്കോ വേണ്ടി തൂലിക ചലിപ്പിക്കുകയാണ്. സമൂഹത്തെ വിഷവാതകമുറിയിലേക്ക് നയിക്കുകയാണവര്‍ചെയ്യുന്നത്.

July 14, 2009

സി.ബി.ഐ മറന്നുവച്ച കുഴിബോംബ്


സെബാസ്റ്റ്യന്‍ പോള്‍

കുറ്റപത്രത്തില്‍ നിന്ന് സി.ബി.ഐ നീക്കാന്‍ വിട്ടുപോയ കുഴിബോംബുകളാണ് കാര്‍ത്തികേയന് വിനയായത്. എവിടെ നിന്നോ ഉണ്ടായ ഇടപെടലിന്റെ ഭാഗമായി കാര്‍ത്തികേയനെ പ്രതിസ്ഥാനത്തുനിന്ന് നിന്ന് ഒഴിവാക്കിയ സി.ബി.ഐ കുറ്റപത്രത്തില്‍ തദനുസൃതമായ ഭേദഗതി വരുത്താതിരുന്നത് അനവധാനത നിമിത്തമാകാം.


കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്താണ് എസ്.എന്‍.സി ലാവലിന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. കെ.എസ്.ഇ.ബി. ഫുള്‍ ബോഡിന്റെ അംഗീകാരമില്ലാതെ മൂന്നു സാധാരണ വെള്ളക്കടലാസിലാണ് ധാരണാപത്രമെഴുതിയത്. അന്നുമുതലാണ് കേസിനാസ്പദമായ ഗൂഡാലോചനയുടെ തുടക്കം. ഇത്രയും സി.ബി.ഐ. കണ്ടെത്തിയതാണ്.


ലാവലിന്‍ കുറ്റാരോപണത്തിലെ മുഖ്യ ഇനം ഗൂഡാലോചനയാണ്. അതിന്റെ തുടക്കം കാര്‍ത്തികേയനില്‍ നിന്നാണെന്നു കണ്ടെത്തിയ സി.ബി.ഐ അദ്ധേഹത്തെ പ്രതിയാക്കാതിരുന്നത് തെളിവില്ലാത്തതിനാല്‍ ആണത്രേ. തെളിവില്ലെങ്കില്‍ കാര്ത്തികേയന്റെയും ഗോപാലകൃഷ്ണന്റെയും പേരുകള്‍ പ്രതികൂലമായ പരാമര്‍ശങ്ങളോടെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലായിരുന്നു. സി.ബി.ഐ വെളിപ്പെടുത്തിയ കാര്യങ്ങള്‍ തന്നെ കാര്‍ത്തികേയന്റെ പങ്കാളിത്തം സ്ഥാപിക്കാന്‍ മതിയായവയാണ്. ആ പങ്കാളിത്തം തന്നെയാണ് കാര്‍ത്തികേയനെതിരായ തെളിവ്.


ഇനി കാര്‍ത്തികേയനെ ഒഴിവാക്കണമെങ്കില്‍ ഒന്നിലും അദ്ധേഹത്തിനു പങ്കില്ലെന്ന് സമര്ഥിക്കേണ്ടി വരും. സ്വന്തം കുറ്റപത്രം സി.ബി.ഐ. യെ വെട്ടിലാക്കിയിരിക്കുന്നു. പക്ഷെ ഇങ്ങിനെയൊരു അവസ്ഥ സി.ബി.ഐ. ആഗ്രഹിച്ചിട്ടുണ്ടാവം. കാര്‍ത്തികേയന്‍ മന്ത്രിയായിരിക്കേ മുഖ്യമന്ത്രിയായിരുന്ന ആന്റണി ഡല്‍ഹിയിലുള്ളപ്പോള്‍ സി.ബി.ഐ. അല്‍പ്പം നിസ്സഹായാവസ്ഥയിലായി എന്ന് ന്യായമായും സംശയിക്കാം. എന്നാല്‍, പഴുതടച്ചു കാര്‍ത്തികേയനെ രക്ഷപ്പെടുത്താന്‍ സി.ബി.ഐ ശ്രമിച്ചില്ല.


ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന് അമിതമായ താല്‍പ്പര്യമുണ്ടായിരുന്നു എന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് തലപരിശോധനയെന്ന പരാമര്‍ശമായിരുന്നു. വരദാചാരിയും കൂട്ടരും നടത്തിയത് കളവായ പ്രസ്താവനയായിരുന്നെന്നു തെളിഞ്ഞതോടെ സി.ബി.ഐ. യുടെ കേസ് ദുര്‍ബലമാവുകയാണ്. വിചാരണയ്ക്ക് മുന്നേ പ്രോസിക്യൂഷന്‍ ഭിത്തിയില്‍ വിള്ളലുകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. വരും ദിനങ്ങളില്‍ അത് കൂടുതല്‍ വലുതാകാനാണ് സാദ്ധ്യത. കാര്‍ത്തികേയനെ പ്രതിയാക്കുന്നില്ലെങ്കില്‍ ഗൂഡാലോചനയെന്ന കുറ്റാരോപണം അടിസ്ഥാനമില്ലാതെ തകര്‍ന്നു വീഴും. കാര്‍ത്തികേയനെ പ്രതിയാക്കുകയാണെങ്കിലോ ‍, ലാവലിന്‍ ഇടപാട് പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ളതായിരുന്നുവെന്നു അദ്ധേഹത്തിനു കോടതിയെ ബോധ്യപ്പെടുത്തേണ്ടതായി വരും. അനിഷ്ട്ടമുള്ളവരെ പ്രതിയാക്കാനും ഇഷ്ട്ടമുള്ളവരെ ഒഴിവാക്കാനും സി.ബി.ഐ ഏത് മാര്‍ഗവും സ്വീകരിക്കുമെന്നതിനു തെളിവായി ലാവലിനും അഭയയും ഉള്‍പ്പെടെ പല കേസുകളും നമ്മുടെ മുന്നിലുണ്ട്. കൃത്രിമമായി തെളിവുണ്ടാക്കുന്നതിനും കണ്ടില്ലെന്നു വയ്ക്കുന്നതിനും മടിയില്ലാത്ത ഏജന്‍സിയാണത്. അതുകൊണ്ട് പ്രാഥമിക ഘട്ടത്തില്‍ ഉണ്ടായതു പോലെ കോടതിയുടെ സൂക്ഷ്മമായ നിരീക്ഷണവും കര്‍ശനമായ നിയന്ത്രണവും ആവശ്യമാണ്.


നിയമവിരുദ്ധമായ മാര്‍ഗങ്ങള്‍ സി.ബി.ഐ.ക്ക് അന്ന്യമല്ല. ഫോണ്‍ ചോര്‍ത്തല്‍ എന്നാ ഗുരുതരമായ ആരോപണം സ.ബി.ഐ. ക്ക് എതിരെ ഉണ്ടായി. നിഷേധമുണ്ടായെങ്കിലും വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയ പത്രങ്ങള്‍ ഒന്നും വിശദീകരിച്ചിട്ടില്ല. സി.ബി.ഐ.യെ മുന്‍ നിര്‍ത്തി സി.പി.ഐ.എമ്മിനെ തേജോവധം ചെയ്യാനുള്ള തിടുക്കത്തില്‍ പലരും പലതും മറന്നു. തിരഞ്ഞെടുപ്പില്‍ ലാവലിന്‍ വിജയകരമായ പ്രചരണവിഷയമാക്കിയ കോണ്‍ഗ്രെസ് ഇനി അല്‍പ്പകാലം അതേക്കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.

സെക്രട്ടേറിറ്റ് സര്‍വീസ്‌ ജൂലായ്‌ 2005



വിമോചനസമരം ഇനി നടപ്പില്ല.

പി.ഗോവിന്ദപ്പിള്ള.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ് വിമോചനസമരം. വിമോചനസമരം എന്ന പേരുകൊടുത്തത് പനമ്പിള്ളി ഗോവിന്ദമേനോന്‍ ആയിരുന്നു. തോട്ടം മുതലാളിമാര്‍, വന്‍കിട വ്യവസായികള്‍, പള്ളിക്കാര്‍, കോണ്‍ഗ്രെസ്, മുസ്ലി ലീഗ് തുടങിയവരായിരുന്നു വിമോചന സമരത്തിന്റെ പിന്നിലുണ്ടായിരുന്നവര്‍. തീര്‍ച്ചയായും അതിലേറ്റവും പ്രധാന പങ്ക് പള്ളിക്കാര്‍ക്ക് തന്നെയായിരുന്നു. ഇ എം എസ് ന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ വിമോചന സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യം കേരളത്തെ അരക്ഷിതാവസ്ഥയില്‍ നിന്നും മോചിപ്പിക്കൂ എന്നതായിരുന്നു. ഈ എം എസ്സിന്റെ ഒരു പ്രസ്താവനയാണ് തെളിവായി അവര്‍ ചൂണ്ടിക്കാട്ടിയത്. സ്ഥാപിത താല്പ്പര്യക്കരുടെയും നിയമലംഘകരുടെയും പിണിയാളുകളായി പ്രവര്‍ത്തിക്കുകയെന്ന പോലീസിന്റെ ജോലി അവസാനിപ്പിക്കുമെന്നും, തൊഴിലാളികളെയും കര്‍ഷകരെയും അടിച്ചമര്‍ത്തുന്നതിന് പകരം പോലീസ്‌ അവരുടെ രക്ഷകരായിരിക്കുമെന്നുമായിരുന്നു ഈ എം എസ്സിന്റെ പ്രസ്താവന.

മാത്രമല്ല ആഭ്യന്തര മന്ത്രിയായിരുന്ന വി ആര്‍ കൃഷ്ണയ്യരുടെ ചില പുരോഗമന നടപടികള്‍ ഫ്യൂഡല്‍ ജെന്മിമാര്‍ക്കും അവരുടെ ഒത്താശക്കാരായ കോണ്‍ഗ്രസിനും രുചിച്ചില്ല. അന്നുവരെ പോലീസ്‌ സ്റ്റേഷനില്‍ എത്തുന്ന സാധാരണക്കാരോട് കുറ്റവാളികളോടെന്നപോലെ വളരെ നികൃഷ്ട്ടമായിട്ടാണ് പോലീസ്‌ പെരുമാറിയിരുന്നത്. എന്നാല്‍ സമുദായ നേതാക്കള്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും നല്ല സ്വീകരണമായിരുന്നു. പോലീസ്‌ സ്റ്റേഷനിലെത്തുന്ന സാധാരണക്കാര്‍ക്ക് ഇരിക്കാന്‍ ഒരു ബന്ചെങ്കിലും കൊടുക്കണമെന്നും അവരെ അവഗണിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. ഇത് മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ സര്‍ക്കാരിനെതിരെയുള്ള പ്രചരണായുധമാക്കി കമ്മ്യൂണിസ്റ്റ്‌കാര്‍ മുതലാളിമാരാണെന്നും അവര്‍ പോലീസ്‌ സ്റേഷന്‍ കയ്യടക്കി എന്നും അവര്‍ പ്രചരിപ്പിച്ചു. അതുപോലെ കൃഷ്ണയ്യരാണ് ജയിലിനകത്ത് തടവുകാര്‍ക്ക് പുകവലിക്കാന്‍ അനുമതി കൊടുത്തത്. പുറത്തുള്ളവര്‍ക്ക് പുകവലിക്കാമെങ്കില്‍ അകത്തുള്ളവര്‍ക്കും ആകാം എന്നാ നിലപാടായിരുന്നു അദ്ധേഹത്തിന്. മാത്രമല്ല ജീവപര്യന്തം തടവുകാര്‍ക്ക് പ്രതിഫലം കൊടുത്തു തുടങ്ങിയതും കൃഷ്ണയ്യരായിരുന്നു.

പള്ളിക്കാരെയും സമുദായ നേതാക്കന്മാരെയും വിറളിപിടിപ്പിച്ച മറ്റൊരു സംഭവം മുണ്ടശ്ശേരിയുടെ വിദ്യഭ്യാസ ബില്ലായിരുന്നു, മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബില്ല് പിന്തിരിപ്പനായിരുന്നുവെന്നുള്ള എം. ജി. എസ്സിനെപ്പോലുള്ളവരുടെ നിലപാട് ശുദ്ധ അസ്സംബന്ധമാണ്. കുറഞ്ഞ പക്ഷം അധ്യാപകരുടെ സേവനം ഉറപ്പുവരുത്തി അവരുടെ അന്തസ്സ് നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ശമ്പളത്തിനും അറ്റകുകുറ്റപണികള്‍ക്കുമായി സര്‍ക്കാര്‍ മാനേജ്മെന്റിനു ഗ്രാന്റ് കൊടുക്കുമായിരുന്നെന്കിലും അധ്യാപകന് കൃത്യമായി ശമ്പളം ലഭിക്കുമായിരുന്നില്ല. അതുകൊണ്ടാണ് അന്നത്തെ സാഹിത്യകൃതികളിലെ മുഖ്യ പ്രമേയം അധ്യാപക പീഡനമായിരുന്നത്. കാരൂര്‍ നീലകണ്ടപ്പിള്ള അധ്യാപകനായിരുന്നു. അദ്ദേഹം കമ്മ്യൂണിസ്റ്റ്‌ ആയിരുന്നില്ല. ഉടുതുണിക്ക്‌ മരുതുണിയില്ലായിരുന്നുവെന്നു തന്റെ അനുഭവം ചൂണ്ടിക്കാട്ടി അദ്ദേഹം തന്നെ പറയുന്നു. വെളുപ്പിനെ കുളിക്കും. കൂട്ടത്തില്‍ മുണ്ട് നനച്ചിടും. അതുണങ്ങിയിട്ടാണ് സ്കൂളില്‍ പോയിരുന്നത്. വിശപ്പ്‌ സഹിക്കവയ്യാതെ കൊച്ചുകുട്ടിയുടെ ചോറ് കട്ടുകഴിക്കുന്ന അധ്യാപകന്റെ ദയനീയ സ്ഥിതി വ്യക്തമാക്കുന്ന ഒരു സംഭവം തന്റെ ഒരു കഥയില്‍ ഹൃദയാവര്‍ജ്ജകമായി കാരൂര്‍ എഴിതിയിട്ടുണ്ട്. ചെറുകാടിന്റെയും മുണ്ടശ്ശേരിയുടെയുമൊക്കെ കൃതികളില്‍ വിദ്യാഭ്യാസ കച്ചവടത്തിന്റെയും അധ്യാപക ചൂഷണത്തിന്റെയും പരാമര്‍ശങ്ങളുണ്ട്.

അധ്യാപകര്‍ക്ക് ട്രഷറിയില്‍ നിന്നും നേരിട്ട് ശമ്പളം കൊടുക്കാനുള്ള തീരുമാനത്തെ കമ്മ്യൂണിസവും നിരീശ്വര വാദവും വളരാനുള്ള നീക്കമായിട്ടാണ് പള്ളിക്കാര്‍ ചിത്രീകരിച്ചത്.കര്‍ഷകരുടെയും കര്‍ഷകതൊഴിലാളികളുടെയും സ്ഥിതി ശോചനീയമായിരുന്നു. ഒരു കുടില്‍ ഉണ്ടെങ്കില്‍ അത് മേയാന്‍ പറമ്പില്‍ വീഴുന്ന ഓല എടുക്കാന്‍ പോലും ജന്മി അനുവദിച്ചിരുന്നില്ല. കൃഷിക്കാര്‍ക്ക്, പാട്ടം വാരം തുടങ്ങിയവ കൊടുത്തുകഴിഞ്ഞാല്‍ കഴിഞ്ഞുകൂടാന്‍ നിവൃത്തിയില്ല. എന്റെ വീട്ടിലും കുറെ പാട്ടം കിട്ടുമായിരുന്നു. പാട്ടമളന്നു മൂന്നുമാസം കഴിയുമ്പോള്‍ അളന്ന പാട്ടം കഞ്ഞിവയ്ക്കാന്‍ വേണ്ടി തിരിച്ചുവാങ്ങാന്‍ വരുന്നത് എനിക്ക് നേരിട്ടനുഭവമുണ്ട്. വ്യവസ്ഥ ചെയ്ത പാട്ടത്തിനു പുറമേ അനാവശ്യമായ പല പിരിവുകളുമുണ്ടായിരുന്നു. ഹിന്ദുക്കളായ ജന്മിമാരാണെങ്കില്‍ ഓണത്തിനും വിഷുവിനും കാഴ്ച്ചവയ്ക്കണം. ജന്മി മുസ്ലിമാണെങ്കില്‍ റംസാന് കോഴിയെ കൊടുക്കണം. ഉത്സവത്തിന് കൊടിമരച്ചുവട്ടില്‍ കാണിക്ക വയ്ക്കണം. പാട്ടക്കാരന് കുഞ്ഞുണ്ടായാലും ജന്മിക്കു കാണിക്ക വയ്ക്കണം. ഇതൊക്കെ ചെയ്തില്ലെങ്കില്‍ ജന്മിയുടെ അപ്രീതിയും കുടിയിറക്കലുമാണ് ഫലം.ഇ.എം.എസ് മന്ത്രിസഭ അധികാരമേറ്റെടുക്കുന്നത് 1957 ഏപ്രില്‍ 5 നാണ്. ഏപ്രില്‍ 15 നു എല്ലാത്തരം കുടിയിറക്കലുകളും നിരോധിച്ചുകൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കി. ഈ നിരോധനം കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക ജീവിതത്തില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്കു വഴിവച്ചു. പില്‍ക്കാല കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ കുതിച്ചു ചാട്ടത്തിനു ഇത് വഴിയൊരുക്കുകയും ചെയ്തു. ലോകപ്രശസ്ത സ്വീഡിഷ് ധനതത്വശാസ്ത്രജ്ഞനായ ഗുന്നാര്‍ മൃദലിനെപ്പോലുള്ളവരുടെ മുക്തകണ്‍ണ്ട്ടമായ പ്രശംസയ്ക്ക് ഇത് കാരണമാകുകയുണ്ടായി.

അന്നൊക്കെ നിയമസഭയില്‍ മുഖ്യ ചര്‍ച്ചാ വിഷയം പാറുക്കുട്ടി നേത്യാരമ്മയാണ്. അവര്‍ക്ക് ജീവിക്കാന്‍ മാര്‍ഗമില്ല, ഭര്‍ത്താവില്ല, മക്കളില്ല. പാട്ടം കിട്ടണം. നേത്യാരമ്മയെ പോലുള്ളവരുടെ ജീവിതം നശിപ്പിക്കാനാണ് നമ്പൂതിരിപ്പാട്‌ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത് - അസംബ്ലിയിലെ ചര്‍ച്ച ഇങ്ങിനെയായിരുന്നു.

കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ സ്വാധീനം സാധാരണക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചതിനൊപ്പം കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ ത്വരയും വര്‍ദ്ധിച്ചു. പട്ടം താണുപിള്ള, മന്നത്ത് പത്മനാഭന്‍, ആര്‍ ശങ്കര്‍ തുടങ്ങിയവരാണ് ഇതിനു നേതൃത്വം കൊടുത്തത്. 1954 - ല്‍ പട്ടം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രഖ്യാപിച്ചു ; എന്റെ കീഴില്‍ ഒരു കമ്മ്യൂണിസ്റ്റ്‌കാരനും ഒരുദ്യോഗവും കൊടുക്കില്ല. പട്ടം പിരിച്ചുവിട്ട ഒരാളായിരുന്നു മലയാറ്റൂര്‍ രാമകൃഷ്ണന്‍. എന്റെ ഭാര്യ രാജമ്മയെയും കമ്മ്യൂണിസ്റ്റ്‌ ബന്ധം ആരോപിച്ച് പിരിച്ചു വിട്ടു. ആര്‍ ശങ്കറും മന്നത്ത് പത്മനാഭനും കോണ്ഗ്രസുകാരായിരുന്നില്ല. കടുത്ത സി.പി.ഭക്തരായിരുന്നു. സി.പി. നാടുവിട്ടതിനു ശേഷമായിരുന്നു ഇവരൊക്കെ കോണ്ഗ്രസായത്. അവരൊക്കെ അന്ന് തിരുവിതാംകൂര്‍ കോണ്ഗ്രസിനെ ക്രിസ്ത്യന്‍ കോണ്ഗ്രസ് എന്ന് ആക്ഷേപിച്ചിരുന്നു.

കേരളത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ച നിരവധി ക്രിസ്ത്യന്‍ നേതാക്കന്മാരുണ്ടായിരുന്നു. അവരില്‍ പ്രധാനപ്പെട്ട ഒരാളാണ് ചവറ ഏലിയാസ്‌ കുര്യാക്കോസ്‌ അച്ഛന്‍. പക്ഷേ പണക്കാരായ ക്രിസ്ത്യാനികളും, മതമേലധ്യക്ഷന്മാരും കമ്മ്യൂണിസ്റ്റു വിരോധികളും പിന്തിരിപ്പന്മാരുമായിരുന്നു. മന്നത്ത് പത്മനാഭനെ മുന്നില്‍ നിര്‍ത്തി സംഘടിതമായിട്ടാണ് ഇവര്‍ കമ്മ്യൂണിസ്റ്റു സര്‍ക്കാരിനെ എതിര്‍ത്തത്. ഫാദര്‍ വടക്കന്റെ ആന്റി കമ്മ്യൂണിസ്റ്റു ഫ്രെണ്ട്, വലംകയ് ആയി പ്രവര്‍ത്തിച്ചത് ബി വെല്ലിംഗ്ടന്‍ , സഹായിക്കാന്‍ ക്രിസ്റ്റഫര്‍ പട എന്നപേരില്‍ റൌഡി സംഘം. ഇവര്‍ കമ്മ്യൂണിസ്റ്റ്‌കാരെ ആക്രമിച്ചു. മധ്യ തിരുവിതാംകൂറില്‍ മറ്റൊരു ക്രിസ്ത്യന്‍ നേതാവുണ്ടായിരുന്നു. പേര് ഇലഞ്ഞിക്കല്‍ ബേബി. ഇയാളാണ് തൊപ്പിപാള പ്രഭാഷണം നടത്തിയത്. ഇയാളുടെ പ്രധാന മുദ്രാവാക്യം 'തമ്പ്രാനെന്നു വിളിപ്പിക്കും...പാളേല്‍ കഞ്ഞി കുടിപ്പിക്കും' എന്നതായിരുന്നു.
മന്നം പരസ്യമായി ആഹ്വാന്നം ചെയ്തു ; കമ്മ്യൂണിസ്റ്റ്‌കാരെ വീട്ടില്‍ കയറ്റാന്‍ കൊള്ളില്ല. പടിയടച്ചു പിണ്ഡം വയ്ക്കണം. ഫ്യൂഡല്‍ വൈകൃതങ്ങള്‍ മുറ്റി നില്‍ക്കുന്ന മുദ്രാവാക്യങ്ങളാണ് അന്ന് വിമോചന സമരക്കാര്‍ ഉയര്‍ത്തിയത്‌. ഒരുദാഹരണമിതാ:
"ഗൌരിചോത്തിയെ വേളികഴിച്ച റൌഡിതോമാ തുണിയെവിടെ?"

അമേരിക്കയുടെയും സി. ഐ. എ. യുടെയും അകമഴിഞ്ഞ സഹായം വിമോചന സമരക്കാര്‍ക്ക് ഉണ്ടായിരുന്നു. മോറല്‍ റീ ആര്മ്മമെന്റ് ആര്‍മി എന്ന അമേരിക്കന്‍ സംഘടനയുടെ ക്ഷണപ്രകാരം, മന്നം അമേരിക്കന്‍ സന്ദര്‍ശനം നടത്തി കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിനെതിരായ സമരത്തിന്‌ വീര്യം സമ്പാദിച്ചു. ഇന്ദിരാ ഗാന്ധിയുടെ നിര്‍ബന്ധ ബുദ്ധി മൂലമാണ് നെഹ്‌റു ഇ. എം. എസ്. മന്ത്രിസഭയെ പിരിച്ചു വിട്ടത്. അനാരോഗ്യവും മകളോടുള്ള കടപ്പാടും, അദ്ദേഹം തന്നെ അടിത്തറ പാകിയ ഇന്ത്യന്‍ ഭരണഘടനയുടെ സ്പിരിറ്റിനെതിരെ പ്രവര്‍ത്തിക്കാന്‍ അദ്ധേഹത്തെ നിര്‍ബന്ധിതനാക്കി. കെ. പി. കേശവമേനോനെ പോലുള്ള മലബാറിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ വിമോചനസമരത്തിനെതിരായിരുന്നു. മാതൃഭൂമി പത്രം ശക്തമായി വിമോചന സമരത്തെ എതിര്‍ത്തു. എന്തിന്, പ്രസിഡണ്ട് ഡോക്ടര്‍ രാജേന്ദ്രപ്രസാദ്പോലും എതിര്‍ത്തു. ഫാദര്‍ വടക്കനും മത്തായി മാഞ്ഞൂരാനുമൊക്കെ പില്‍ക്കാലത്ത്‌ കമ്മ്യൂണിസ്റ്റു ചേരിയില്‍ എത്തുകയും സംയുക്ത പ്രക്ഷോഭത്തില്‍ പങ്കാളികളാവുകയും ചെയ്തു. വിമോചന സമരക്കാര്‍ക്ക് കമ്മ്യൂണിസ്റ്റു വിരുദ്ധരെയെല്ലാം ഒന്നിപ്പിക്കാന്‍ കഴിഞ്ഞു. കവിയും ചിന്തകനുമായ എം.ഗോവിന്ദന്‍ വിമോചന സമരത്തിന്‌ എല്ലാ ഒത്താശയും ചെയ്തു. അദ്ദേഹം ഒരു വലതുപക്ഷ പിന്തിരിപ്പനും അമേരിക്കന്‍ സംഘടനയായ എം.ആര്‍.എ യുമായി ബന്ധമുള്ള ആളുമായിരുന്നു. അതുപോലെ സി.ജെ.തോമസ്‌ ആദ്യം കമ്മ്യൂണിസ്റ്റ്‌ ആയിരുന്നെങ്കിലും പിന്നീട് കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ പ്രക്ഷോഭത്തിന് തീ പകര്‍ന്നു നല്‍കി.

കേരള ചരിത്രത്തിലെ എക്കാലത്തെയും അവിസ്മരണീയ ഗവന്മെന്റായിരുന്നു 57 - ലെ ഇ.എം.എസ് മന്ത്രിസഭ. ഭരണ പരിഷ്ക്കാരം, ഭരണ നടപടിയുടെ മലയാള വല്‍ക്കരണം, അധികാര വികേന്ദ്രീകരണം തുടങ്ങിയ ആശയങ്ങള്‍ പ്രസ്തുത മന്ത്രിസഭയുടെ സംഭാവനയാണ്‌. തുടര്‍ന്നുവന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് സാക്ഷരത, അധികാര വികേന്ദ്രീകരണം, ഭൂമാഫിയയ്ക്കെതിരായുള്ള നടപടികള്‍ തുടങ്ങിയ കാര്യങ്ങളില്‍ മുന്നേറാനായത് 57 - ലെ സര്‍ക്കാരിട്ട അടിത്തറയില്‍നിന്നാണ്.

ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ പല നടപടികളും പള്ളിക്കാര്‍ക്കും അവരുടെ രാഷ്ട്രീയമുഖമായ കോണ്‍ഗ്രസിനും രുചിക്കുന്നില്ല. അതുകൊണ്ടാണ് ഇപ്പോഴവര്‍ സര്‍ക്കാരിനെതിരായ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്നത്തെ പ്രശ്നങ്ങളുടെ വേരുകള്‍ 1959 മുതലേ ഉള്ളതാണ്. പക്ഷേ, അന്‍പത്തിയൊന്പത് ആവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിയില്ല.

 


Copyright Blog Maasika