July 24, 2009

റാഗിംഗ് : പ്രതിവിധി ക്യാമ്പസ്‌ ജനാധിപത്യം


വി.ശിവദാസന്‍

റാഗിംഗ് തടയുവാനായി യു. ജി. സി. 2008 മെയ്‌ 17 നു ഒരു പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍വകലാശാലകള്‍ക്കും കോളേജ്കള്‍ക്കും അയച്ച പ്രസ്തുത സര്‍ക്കുലറില്‍ സ്ഥാപന മേധാവികള്‍ കയ്ക്കൊള്ളേണ്ട നടപടികള്‍ വിശദീകരിക്കുന്നു. സുപ്രീം കോടതിയുടെവരെ ഉത്തരവുകളുടെയും നിരവധി നിയമ നിര്‍മ്മാണങ്ങളുടെയും തുടര്‍ച്ചയാണിത്. ഇത്രയൊക്കെ ഇടപെടലുകള്‍ ഉണ്ടായിട്ടും റാഗിംഗ് എന്തുകൊണ്ടാണ് അവസാനിപ്പിക്കാന്‍ കഴിയാത്തത്?. ഗവര്‍മെന്റും ഇതര ഏജന്‍ന്‍സികളും കഴിഞ്ഞ 5 വര്ഷം റാഗിങ്ങിനെതിരെ വലിയ പ്രചാരണമാണ് നടത്തിയത്. ഇതേ കാലയളവിലാണ് രാജ്യത്ത് ഏറ്റവുമധികം റാഗിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും. ഇതില്‍ തന്നെ 2007-2008 അധ്യയന വര്ഷം, അതിനു മുന്‍പത്തെ നാലുവര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികമായി. 2003-2008 കാലയളവില്‍ റാഗിംഗ് കാരണം 28 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. പതിനൊന്നുപേര്‍ ആത്മഹത്യ ചെയ്തു. ഇതില്‍ പതിനൊന്നു കൊലപാതകവും അഞ്ച് ആത്മഹത്യകളും 2007-2008 അധ്യയന വര്‍ഷത്തില്‍ മാത്രമാണ്.


ഇന്ത്യയിലെ ഏകദേശം 80% കോളേജ്കളിലും റാഗിംഗ് അരങ്ങേറുന്നുണ്ട്. 1983 ലെ കര്‍ണാടക എഡുക്കേഷണല്‍ ആക്ട്‌ റാഗിങ്ങിനെ നിര്‍വചിച്ചിരിക്കുന്നത്, "ഒരു വിദ്യാര്‍ത്ഥിയെ തമാശ രൂപേണയോ അല്ലാതെയോ അവനു ലഭിക്കേണ്ടുന്ന മാനുഷിക പരിഗണനയെ നിഷേധിക്കുന്ന ഏതെങ്കിലും കാര്യം ചെയ്യാന്‍ പ്രേരിപ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്യുകയോ, അവനെ പരിഹാസപാത്രമാക്കുകയോ അല്ലെങ്കില്‍ അവനെ ഏതെങ്കിലും നിയമപരമായ പ്രവര്‍ത്തി ചെയ്യുന്നതില്‍ നിന്നും ക്രിമിനല്‍ ശക്തി ഉപയോഗിച്ചോ അല്ലാതെയോ വിലക്കുകയോ തടസ്സപ്പെടുത്തുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്നത് " എന്നാണു. ഒരു വിദ്യാര്‍ത്ഥിയുടെ അന്തസ്സിനേയും അഭിമാനത്തെയും വ്രണപ്പെടുത്തുന്ന പ്രവര്‍ത്തിയാണ് റാഗിംഗ്.


റാഗിംഗ് പല രീതിയിലാകാം. പരിചയപ്പെടല്‍ മുതല്‍ വിത്യസ്ത രീതിയിലാണത്‌. നവാഗത വിദ്യാര്‍ത്ഥി യോട് പേര് ചോദിച്ച് പരിചയപ്പെടുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷെ ഇവിടെ അസഭ്യ ഭാഷയിലെ ചോദ്യങ്ങള്‍ക്ക് ചേട്ടന്‍മാരുടെ ആശയ്ക്കൊത്ത മറുപടി വേണം. പ്രവേശനം തേടിവരുന്നവരുടെ പോക്കറ്റില്‍ അധികാരപൂര്‍വ്വം കയ്യിടുക, തനിക്കു വേണ്ടതെടുക്കുക, തടഞ്ഞാല്‍ കയ്ക്കരുത്തും ഗ്യാങ്ങുബലവും കൊണ്ട് മറുപടി നല്‍കുക. ചെത്ത്‌ കുട്ടപ്പന്മാരുടെ സംഘത്തിനു സിഗരറ്റു വാങ്ങി കൊടുക്കുക, അതും പോരാ സിഗരറ്റിനു തീ കൊളുത്തികൊടുക്കാനും ഇവര്‍ വേണം. ഒന്നാം വര്‍ഷക്കാര്‍ക്ക് മാത്രമല്ല, സമൂഹത്തിലെ താഴെക്കിടയില്‍ നിന്നും വിദ്യാഭ്യാസത്തിനെത്തുന്നവര്‍ സീനിയേര്‍സ്‌ ആയാലും ഇത്തരം അനുഭവം ഉണ്ടാകും. ഭീഷണിപ്പെടുത്തി പാട്ടുപാടിക്കല്‍, കഥപറയിക്കല്‍.... ആവശ്യങ്ങള്‍ വ്യത്യസ്തമായി കടന്നുവരും. ഫുട്ബോള്‍ മയ്താനം തീപ്പെട്ടിക്കമ്പുകൊണ്ട് അളപ്പിക്കലും‍, തീഷ്ണമായ ഉച്ചവെയിലില്‍ മയ്താനത്തിന് നടുവില്‍ നിന്നുള്ള സൂര്യ ചുംബനവും, ഹോസ്റ്റല്‍ സീനിയേര്‍സിന്റെ മുറിയിലെ ക്ലോസ്സെറ്റ്‌ വെറും കൈകൊണ്ട് ക്ലീന്‍ ചെയ്യിക്കലും വരെ ഇതില്‍ പെടും.


ഏറെ പ്രതീക്ഷയുമായാണ് നവാഗത വിദ്യാര്‍ത്ഥി കലാലയത്തിലേക്ക് കടന്നുചെല്ലുക. സ്നേഹസാന്ദ്രമായ വരവേല്‍പ്പുകളാണ് അവരാഗ്രഹിക്കുക. എന്നാല്‍ പലര്‍ക്കും അനുഭവം അങ്ങിനെയല്ല. കാല്‍പാദത്തിലെ കറുത്ത ബൂട്ടിന്റെ അടിഭാഗം നാക്കുകൊണ്ട് ശുചിയാക്കാന്‍ കല്‍പ്പിക്കുന്ന തമ്പുരാക്കന്മാരാണ് അവരെ സ്വീകരിക്കുക. ആര്‍.കെ.രാഘവന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട സംഭവങ്ങളെടുക്കാം. ഭുവനേശ്വറിലെ ഫാര്‍മസി വിദ്യാര്‍ത്ഥിയായ ബിജോയ്‌ മഹാരതി തുടര്‍ച്ചയായ റാഗിംഗ് പീഡനത്താലാണ് കൊല്ലപ്പെട്ടത്. ഹയ്ദരാബാദിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി എസ.പി.മനോജ്‌ ആത്മഹത്യ ചെയ്തതും റാഗിംഗ് കാരണമാണ്. ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത ഇംഫാലിലെ നാഗ വിദ്യാര്‍ത്ഥി, പട്ന സയന്‍സ് കോളേജില്‍ റാഗിംഗ് തടയാന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പ്, ഹയ്ദരാബാദില്‍ മൂന്നു വിദ്യാര്‍ത്ഥികളെ നഗ്നരാക്കി നടത്തിച്ച് കാമറയില്‍ പകര്‍ത്തിയത്, ദല്‍ഹിയിലെ പ്രശസ്തമായ ഐ.ഐ.ടി. യില്‍ നൂറോളം വിദ്യാര്‍ത്ഥികളെ ഹോസ്റ്റലിന്റെ ഇടനാഴിയിലൂടെ നഗ്നരാക്കി നടത്തിച്ചത്....ഇങ്ങിനെ നിരവധി സംഭവങ്ങള്‍.


ജൂനിയര്‍ വിദ്യാര്‍ത്ഥികളെ നഗ്നരാക്കി ശരീരം പൊള്ളിച്ച അനുഭവമാണ് ഗുജറാത്ത് വിദ്യാപീഠത്തിലേത്. മഹാത്മജിയുടെ ആഹ്വാനപ്രകാരം സ്ഥാപിതമായ സ്ഥാപനമാണിത്. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ പെണ്‍കുട്ടികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ കൂട്ടമായി ലൈംഗീക പീഡനത്തിന് ഇരയാക്കുകയാണ് ചെയ്തത്. രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ചതാണ് ഈ സര്‍വകലാശാല. നഗ്നരാക്കി തന്നെ പീഡിപ്പിച്ച രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ ഹയ്ദരാബാദിലെ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയുടെ പ്രതികാരം മറ്റൊരു കഥയാണ്‌. കൂടാതെ ഇന്റര്‍നാഷണല്‍ സ്കൂളുകളില്‍ ഉള്‍പ്പെടെയുള്ള റാഗിംഗ് അനുഭവങ്ങളും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.


രാഘവന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതിനു ശേഷമാണ് ഹിമാചല്‍ യൂനിവേര്‍സിറ്റിയില്‍ അമന്‍ കുച്ച്രു എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. ഡോ: രാജേന്ദ്രപ്രസാദിന്റെ പേരിലുള്ള കോളേജ്ല്‍ ക്രൂരമായ റാഗിംങ്ങിനാണ് ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ കുച്ച്രു വിധേയനായത്. റാഗിങ്ങിന്റെ ക്രൂരത ചര്‍ച്ച ചെയ്യുമ്പോഴും ഇരയാകുന്ന വിദ്യാര്‍ത്ഥിക്ക് നീതി ലഭ്യമാക്കുന്നതില്‍ തികഞ്ഞ പരാജയമാണ് ഉണ്ടാകുന്നത്. പല കാമ്പസിലും പരാതിക്കാരോടുള്ള സമീപനം മറ്റൊരു റാഗിംഗ് ആണ്. പ്രത്യേകിച്ച് സ്വാശ്രയ കോളേജ്കളില്‍. പ്രതികളുടെ പേര് കേട്ട മാത്രയില്‍ അധ്യാപക ശ്രേഷ്ടരുടെ ഉപദേശങ്ങളുണ്ടാകും. കോളേജ് അല്ലേ, ചെറിയ തോതിലൊക്കെ അഡ്ജസ്റ്റ് ചെയ്യുക. ചില കോളേജ്കളില്‍ പ്രതികളുടെ മാതാപിതാക്കള്‍ മാനേജ്മെന്റിന്റെ പ്രധാന സാമ്പത്തിക കേന്ദ്രമായിരിക്കും. ബില്‍ഡിംഗ്‌ ഫണ്ടിലേക്ക്, പ്രിന്‍സിപ്പലിന്റെ സ്പെഷ്യല്‍ ഫണ്ടിലേക്ക്, മാനജേരുടെ ഡെവലപ്മെന്റ് ഫണ്ടിലേക്ക് ഒക്കെ ഉപേക്ഷയില്ലാതെ സഹായിച്ചവര്‍. ഇവരുടെ മക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരു വിമ്മിട്ടം സാധാരണം മാത്രം.


റാഗിംഗ് ചെറുമാതിരിയാകാം എന്ന് പറയുന്ന ഒരു കൂട്ടരുമുണ്ടിവിടെ. സഭാകമ്പം ഇല്ലാതാകും പിന്നെ സ്മാര്ട്ടാകും എന്നൊക്കെയാണ് ന്യായീകരണങ്ങള്‍. രക്ഷിതാക്കളും ഈ കൂട്ടത്തിലുണ്ട്. അവരറിയുക. സഭാകമ്പം മാത്രമല്ല, അവരുടെ മക്കള്‍തന്നെ ഇല്ലാതായേക്കാം.


സമ്പന്ന പുത്രന്മാരും ക്രിമിനലുകളുമാണ് റാഗിങ്ങിന് നേതൃത്വം നല്‍കുന്നത്. ആദ്യ കാലങ്ങളില്‍ ഗവണ്മെന്റും ഇതര അധികാര കേന്ദ്രങ്ങളും ഇതിനെ അവഗണിക്കുകയായിരുന്നു. അധികാര ശ്രേണിയില്‍, തലപ്പത്തിരിക്കുന്നവരുടെ മക്കള്‍ ഇതിനിരയാവാന്‍ തുടങ്ങിയപ്പോഴാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.


വിദ്യാര്‍ത്ഥി യൂണിയനുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കാമ്പസുകള്‍ റാഗിംഗ് വിമുക്തമാണെന്ന് വേണമെങ്കില്‍ വിളിക്കാം. ആര്‍.കെ.രാഘവന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ റാഗിംഗ് സംഭവങ്ങള്‍ നടന്ന ഒരിടത്തുപോലും ശരിയാം വിധമുള്ള വിദ്യാര്‍ത്ഥി യൂണിയനില്ല. കുപ്രസിദ്ധനായ പപ്പുയാദവിന് സ്വീകരണമൊരുക്കിയ പാറ്റ്ന സര്‍വകലാശാല, കൊലപാതക പരമ്പരകള്‍ക്ക് സാക്ഷിയായ അലിഖഡ്‌ സര്‍വകലാശാല.... അവിടെ വൈസ്‌ ചാന്സലറുടെ വസതി പോലും അഗ്നിക്കിരയാക്കപ്പെട്ടു. കൊള്ള ഫീസിനെ ചോദ്യം ചെയ്തതിന് പ്രിന്‍സിപ്പാളും സംഘവും ഗുണ്ടകളെക്കൊണ്ട് വിദ്യാര്‍ത്ഥികളെ തള്ളിച്ച ബാംഗളൂരിലെ വിവേകാനന്ദ കോളേജ് ഓഫ് നഴ്സിംഗ്, അധ്യാപക പീഡനത്തെതുടര്‍ന്നു വിദ്യാര്‍ത്ഥി ആത്മഹത്യചെയ്ത തിരുവനന്തപുരം ജില്ലയിലെ പി.എം.എസ്.ഡെന്റല്‍ കോളേജ്. ഇവിടെയെല്ലാം അകറ്റി നിര്‍ത്തിയിരിക്കുന്നത് വിദ്യാര്‍ത്ഥി യൂനിയനുകളെയാണ്. അതിന് ഒരു രാഷ്ട്രീയ പിന്‍ബലവും ഉണ്ട്. അച്ഛന്‍ നല്‍കിയ പോക്കറ്റ്‌ മണിയിലൂടെ ഗാന്ധിയെ പരിച്ചരിച്ചവരുടെ ധിക്കാരവും ധാര്ഷ്ട്യവുമാണ് റാഗിങ്ങായി രൂപപ്പെടുന്നത്. റാഗിങ്ങിനെ ചെറുക്കാന്‍ ശരിയായ രാഷ്ട്രീയ ബോധമുള്ള വിദ്യാര്‍ത്ഥികള്‍ക്കേ കഴിയൂ.


കോളേജ്കളില്‍ ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടത്തേണ്ടുന്നതിന്റെ പ്രാധാന്യം ആര്‍.കെ.രാഘവന്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. ലിംഗ്ദോ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ടുന്ന ആവശ്യകതയ്ക്കും അദ്ദേഹം അടിവരയിടുന്നു. 2006 ലെ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ്‌ രാഘവന്‍ കമ്മറ്റി രൂപപ്പെട്ടത്. സുപ്രീം കോടതി തന്നെയാണ് ജെ.എം.ലിംഗ്ദോയുടെ നേതൃത്വത്തിലുള്ള കമ്മീഷനെ നിശ്ചയിച്ചതും. ഈ രണ്ട് റിപ്പോര്‍ട്ടുകളും യഥാവിധി നടപ്പിലാക്കേണ്ടുന്നതിന്റെ മുഖ്യ ചുമതല ആര്‍ക്കാണ്?. കലാലയത്തിലെ വിദ്യാര്‍ത്ഥിക്കോ അധ്യാപകനോ അല്ല. കേന്ദ്ര ഗവണ്മെന്റിനും യു.ജി.സി. ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സമിതികള്‍ക്കുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമാണ് നമ്മള്‍ കണ്ടത്. രാഘവന്‍ തന്റെ റിപ്പോര്‍ട്ടില്‍ വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കണമെന്നു പറയുന്നു. കലോല്സവങ്ങളും കായികമേളകളും ഇതിലുള്‍പ്പെടും. അലസ മനസ് ചെകുത്താന്റെ പണിപ്പുരയാണ് എന്നോര്‍മ്മപ്പെടുത്തിയാണ് ഇത് പരാമര്‍ശിച്ചത്.


ഇന്ത്യയിലെ 26 കേന്ദ്ര സര്‍വകലാശാലകളില്‍ നാലിടത്ത് മാത്രമാണ് വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥി യൂണിയനുകള്‍ പരിചിതമേയല്ല. കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ റാഗിംഗ് ഇല്ലാതാക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ ഏറെ സഹായകരമാണെന്ന് വിലയിരുത്തപ്പെടുന്നു. ആന്റി റാഗിംഗ് സ്ക്വാഡില്‍ വിദ്യാര്‍ത്ഥികളുടെ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ഉണ്ടായിരിക്കണമെന്നും നിര്‍ദേശിക്കുന്നു.


റാഗിങ്ങിനെതിരെ ധാര്‍മ്മികതയുടെ ഗിരിപ്രഭാഷണങ്ങള്‍ നടത്തുന്നവരാണ് ഗവണ്മെന്റിന്റെയും യു.ജി.സിയുടെയും തലപ്പത്ത്‌. പരാമര്‍ശിക്കപ്പെട്ട കമ്മീഷനുകളുടെ റിപ്പോര്‍ട്ട് എന്ത് കൊണ്ടാണ് ഇച്ച്ചാശക്തിയോടെ നടപ്പിലാക്കപെടാഞ്ഞത്?. രാഷ്ട്രീയവും സാമ്പത്തീകവുമായി അധികാരം കയ്യാളുന്നവരുടെ താല്‍പ്പര്യം ഹനിക്കപ്പെടുമെന്നതിനാലാണ്. വിദ്യാര്‍ത്ഥി യൂണിയന്‍ റാഗിങ്ങിനെന്നപോലെ വിദ്യാഭ്യാസ കച്ചവടത്തിനും എതിരായിത്തീരും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാമ്പസുകളിലെ ജനാധിപത്യപരമായ പ്രവര്‍ത്തനം ഇന്ന് അസാധ്യമാണ്. കോണ്‍ഗ്രസ്സും ബി.ജെ.പിയും ഇതര ബൂര്‍ഷ്വാ പാര്‍ട്ടികളും വിദ്യാര്‍ത്ഥിയുടെ ജനാധിപത്യ സ്വാതന്ത്ര്യത്തിന് തടയിടുന്നു. ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടമാണവിടങ്ങളില്‍. ചോദിക്കാനും എതിര്‍ക്കാനും ആരുമില്ലാത്ത വേദനിപ്പിക്കുന്ന ശൂന്യത. റാഗിങ്ങിനെ ചെറുക്കുകയും ക്രിമിനല്‍ ഗ്യാങ്ങുകളുടെ വിളയാട്ടത്തിന് തടയിടുകയും ചെയ്തത് ശരിയായ രാഷ്ട്രീയ ബോധമുള്ള വിദ്യാര്‍ത്ഥികളാണ്. അരാഷ്ട്രീയതയുടെ ഉലപ്പന്നമാണ് റാഗിംഗ്. മാനവീകതയില്ലാത്ത വലതുപക്ഷ രാഷ്ട്രീയത്തിന്റെ സൃഷ്ട്ടിയാണത്. നിയമ നിര്‍മ്മാണങ്ങളോ കോടതി ഉത്തരവുകലോ കൊണ്ട് മാത്രം സാധ്യമാകുന്ന ഒന്നല്ല റാഗിംഗ് വിമുക്ത ക്യാമ്പസ്‌. റാഗിങ്ങിന് മറുമരുന്ന് ക്യാമ്പസിന്റെ ജനാധിപത്യവല്‍ക്കരണം മാത്രമാണ്.

No comments:

Post a Comment

 


Copyright Blog Maasika